Saturday, April 18, 2009

വെളിപാടുകള്‍

കണ്ണ് തുറന്ന്‌ നോക്കി.സമയം എട്ടു മുപ്പതു.പ്ലസ് ടുവില്‍ പഠിക്കുന്ന മകളെ സ്കൂളില്‍ കൊണ്ടാക്കിയ ശേഷം കിടന്നതാണ്.ശനിയാഴ്ച ദിവസം അവധിയാണ് അവള്‍ക്ക്.പരീക്ഷ അടുത്തത് കൊണ്ടാവണം ,സ്പെഷ്യല്‍ ക്ലാസ്.

വീര്‍പ്പു മുട്ടിക്കുന്ന ചിന്തകള്‍.മനസ്സിന് സ്വസ്ഥതയില്ല.ആഴ്ചകള്‍ വേഗത്തില്‍ പോവുന്നു.അച്ഛനും മകളും ഒരുമിച്ചാവുന്ന ദിവസങ്ങള്‍ കുറവാണ്. ഇന്ന് അവളുമായിട്ട് സിനിമയ്ക്ക് പോവണം. അവള്‍ക്കു താല്പര്യം കാണില്ല.അച്ഛനെന്ന നിലയില്‍ എന്തെങ്കിലുമൊക്കെ ചെയ്യണ്ടേ....

സാധാരണ വീട്ടില്‍ ഉണ്ടെങ്കില്‍ തനിക്കു ഉറക്ക ദിവസമാണ്.രാവിലെ പട്ടിയെ പോലെ ഉറങ്ങും രാത്രി പ്രേതത്തെ പോലെ നടക്കും.തന്റെ സ്വഭാവ സവിശേഷതയില്‍ സോളമന്‍ ചിരിച്ചു.

അടുത്ത മാസം ഷീല വരും.രണ്ടു വര്‍ഷത്തെ നേഴ്സിംഗ് പര്യെടനം.അവളുടെ സ്വപ്നമായിരുന്നു പുറത്തു പോയി കാശു സമ്പാദിക്കുകയെന്നതു.പാവം മിക്ക ദിവസങ്ങളും വിളിക്കാറുണ്ട്.മകളെക്കുറിച്ച് മാത്രം അവള്‍ക്കറിഞ്ഞാല്‍ മതി.അച്ഛന്റെ ശ്രദ്ധ അവള്‍ക്കറിയാം.

പെണ്‍ക്കുട്ടികളുണ്ടായാല്‍ അമ്മയെക്കാളും ടെന്‍ഷന്‍ അച്ഛനാണത്രെ ,ഷീലയുടെ വാദം.തന്റെ തണുത്ത സ്വഭാവത്തില്‍ അരിശം കൊള്ളും.

കടലിലെ തിരമാലകള്‍ പോലെ ചിന്തകള്‍ അവസാനമില്ലാതെ വേട്ടയാടുന്നു.ഓരോന്നായി പതിയെ പതിയെ പിന്നെ വേഗത്തില്‍.സഹിക്കാനായില്ല .ചാടിയെഴുന്നേറ്റു.വെറുതെ ഓരോന്നും ആലോചിച്ചു കൂട്ടി.നാശം .അയാള്‍ തലയില്‍ കൈവെച്ചിരുന്നു.

തൊട്ടരികിലുള്ള റീഡേര്സ് ഡൈജെസ്റ്റ്‌ എടുത്തു മറിച്ചു .തലേ ദിവസം വായിച്ചു നിര്‍ത്തിയ ഭാഗത്തില്‍ നിന്ന് തുടര്‍ന്നു.ഓരോരുത്തരുടെയും ഒറ്റയാള്‍ പോരാട്ടത്തിന്റെയും കഥകള്‍.

ഫോണ്‍ ബെല്ലെടിക്കുന്നത് കേട്ട് വായന നിര്‍ത്തി.റിസിവെര്‍ താഴെ മാറ്റിവയ്ക്കാത്തതില്‍ പശ്ചാത്തപിച്ചു. ഈ ദിവസം കുറച്ചു സമാധാനം അയാള്‍ ആശിച്ചു.വായിക്കാന്‍,ടിവി കാണാന്‍ ,ഒന്ന് റിലാക്സ്സാവാന്‍.ഫോണ്‍ എടുക്കണോ എന്ന് ശങ്കിച്ചു.എടുത്തു.
"ഹലോ"
മറുതലത്തില്‍ ഇടറിയ സ്വരം കേട്ടു.
"ഞാന്‍ പ്രഭാകരനാണ് ".
"എന്താ പ്രഭകരാ ".
"സോളമാ എന്റെ മോള്‍ മരിച്ചു.അവള്‍ ആത്മഹത്യ ചെയ്തു ......പത്തരെക്ക് ബോഡി എടുക്കും...ഫോണ്‍ കട്ടായി.

അന്തിച്ചു പോയി.വിശ്വസിക്കാനായില്ല.കൈക്കാല്‍ മരവിച്ചു,ശരിരം വിയര്‍ത്ത് ശ്വാസം വിടാന്‍ പ്രയാസപെട്ടു സോളമന്‍ ഇരുന്നു.അനങ്ങാതെ.എത്ര നേരം.സ്വബോധത്തില്‍ വന്നപ്പോള്‍ സമയം നോക്കി.ഒമ്പതെ മുക്കാല്‍.

സ്കൂട്ടറെടുത്തു പ്രഭാകരന്റെ വീട്ടിലേക്കു കുതിച്ചു.പ്രഭാകരന്റെ മകളും പ്ലസ്ടുവാണ് .ക്ലാസ്സില്‍ എപ്പോഴും പത്തി നകത്ത് റാങ്ക് കാണും.എന്നിട്ടെന്തേ.ഇത്രെയും സാഹസം കാണിക്കാന്‍ മാത്രം മണ്ടിയല്ല അവള്‍.

കറുത്ത റോഡ്.ഓരം ചേര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍,വഴിയാത്രികര്‍,കച്ചവടക്കാര്‍ ,ചിലര്‍ ബോര്‍ഡുകളും തുക്കി സത്യാഗ്രഹം നടത്തുന്നു.തെരുവുനായ്ക്കളും ,ഭിക്ഷക്കാരും ,ട്രാഫിക് പോലീസുകാരും.തടസങ്ങളായി തോന്നി അയാള്‍ക്ക്.ബാലമാസികകളില്‍ കാണുന്ന വഴി കണ്ട് പിടിക്കാമോ എന്ന പംക്തിയില്‍ അകപെട്ടു പോയ അവസ്ഥ.

മരണവീട്ടിലേക്കു പോവുന്നത് സുഖമുള്ള ഏര്‍പ്പാടല്ല .കഴിവതും ഒഴിവാക്കുന്നതാണ് .വളരെ പെട്ടന്ന് പ്രഭാകരന്റെ വീട്ടില്‍ എത്തിയതില്‍ അയാള്‍ക്ക് വിഷമം തോന്നി.വീട്ടുമുറ്റത്ത്‌ കാറുകളുടെ ബഹളം.സ്കൂടെര്‍ ഒതുക്കിവെച്ച്‌ അയാള്‍ നടന്നു.

ഹൃദയമിടിപ്പ്‌ അയാള്‍ക്ക് കേള്‍ക്കാം.കസേരയില്‍ തളര്‍ന്നിരിക്കുന്ന പ്രഭാകരന്‍. ക്ഷിണം,വെപ്രാളം. എന്ത് പറയും.
തൊണ്ട ദാഹിച്ചു വരണ്ട പോലെ.പ്രഭാകരന്റെ ഭാര്യയുടെ ഉച്ചത്തിലുള്ള നിലവിളി സോളമനെ കൂടുതല്‍ തളര്‍ത്തി.മിണ്ടാതെ പ്രഭാകരന്റെ അടുക്കലിരുന്നു.

തൊണ്ടയില്‍ നൊമ്പരം കുടിങ്ങി കിടക്കുന്നു.ബന്ധുക്കളില്‍ പലരും വന്നു പ്രഭാകരനെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.ചടങ്ങ് പോലെ ഓരോരുത്തരും അതിനായി മത്സരിച്ചു.മനസ്സിനെ കൂടുതല്‍ ദൃഢപ്പെടുത്താന്‍ ഉപദേശിച്ചു.എന്നാലും ഈ കുട്ടി ഇങ്ങനെ ചെയ്തല്ലോ എന്ന് കൂട്ടിച്ചേര്‍ക്കാനും ആരും മറന്നില്ല.ചിലര്‍ സംശയത്തോടെ സോളമനെ നോക്കി. എങ്ങോ കണ്ട പോലെ അഭിനയിച്ചു.യാത്ര പറഞ്ഞു ഇറങ്ങുബോള്‍ അയാളെയും നോക്കി തലയാട്ടി.

ആളോഴിഞ്ഞപ്പോള്‍ പ്രഭാകരന്‍ സംസാരിച്ചു.
സോളമാ ഇപ്പോഴത്തെ കുട്ടികള്‍,എന്താണിങ്ങനെ.ചെറുതായൊന്ന് വഴക്ക് പറഞ്ഞതാണവളെ.അതിനുപോയി ..
പ്രഭാകരന്‍ വിതുമ്പി. കരച്ചിലടക്കാന്‍ അയാള്‍ പ്രയാസപെട്ടു.

രാത്രിയില്‍ നിര്‍ത്താത്ത ഫോണ്‍വിളി.ആരാണെന്നു അറിയില്ല. ഞാന്‍ ഫോണ്‍ എടുക്കുമ്പോള്‍ കട്ടാവും.
ആരാണെന്നു മോളോട് ചോദിച്ചപ്പോള്‍,പ്രഭാകരന്‍ വീണ്ടും വിതുമ്പി.അത് അവളുടെ പേര്‍സണല്‍ കാര്യമാണെന്ന് പറഞ്ഞു.ഒരടി കൊടുത്തു.താങ്ങാനായില്ല സോളമാ എനിക്ക്. അവളങ്ങനെ സംസാരിക്കുന്നവളല്ല. അറിയാലോ,അതിനു പോയി.പ്രഭാകരന്‍ പൊട്ടിക്കരഞ്ഞു.

സോളമന് ഒരക്ഷരം ഉരിയാടാന്‍ കഴിഞ്ഞില്ല.താനിപ്പോള്‍ ദുസ്വപ്നത്തിലാണ്. ആരെങ്കിലും തന്നെയിപ്പോള്‍ തട്ടിയുണര്‍ത്തും.പ്രഭാകരന്‍ കരയുന്നത് നോക്കി അധികനേരമിരിക്കാന്‍ അയാള്‍ക്ക് കഴിയുമായിരുന്നില്ല.പക്ഷെ എഴുന്നേല്‍ക്കാനും കഴിഞ്ഞില്ല.അകത്ത്‌ സ്ത്രീകളുടെ കരച്ചില്‍കുറഞ്ഞുവരുന്നു.പ്രഭാകരനും ഭാര്യക്കും ഇനിയുള്ള ജീവിതം പരിക്ഷണം ആയിരിക്കും.ഇല്ല ഞാനൊന്നും പറയില്ല .പറയുന്നത് ഉചിതമല്ല .നടക്കാത്ത കാര്യം.യാത്ര പറഞ്ഞില്ല .പ്രഭാകരനും ശ്രദ്ധിച്ചില്ല.ചടങ്ങിനൊന്നും നില്‍ക്കാനുള്ള ശേഷിയില്ല.സോളമന്‍ നടന്നു.

തിരികെ പോരുമ്പോള്‍ ഷര്‍ട്ട്‌ വിയര്‍പ്പില്‍ ഒട്ടിപിടിച്ചിരുന്നു.സുര്യപ്രകാശം ശക്തിയായി പുറത്തടികുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ എന്തെല്ലാം,ഒരവധി ദിവസം കിട്ടിയത് ഇതാ തീര്‍ന്നു.

വീട്ടില്‍ എത്തിയപ്പോള്‍ മകള്‍ എത്തിയിരുന്നു.എവിടെ പോയിരുന്നുവെന്ന ചോദ്യത്തിന് മറുപടി കൊടുക്കാതെ നേരെ ബാത്‌റൂമില്‍ കയറി.ഒന്ന് കുളിക്കണം.എല്ലാം ശാന്തമാവാന്‍ .തണുത്തവെള്ളം തലയില്‍കോരി ഒഴികുമ്പോള്‍ ചൂട് വെള്ളമായി തറയില്‍ പതിച്ചു.

അത്താഴം കഴിഞ്ഞു.വെറുതെ എന്തൊക്കെയോ വായിലേക്ക് വിഴുങ്ങി.വിറകുകൊള്ളികള്‍ക്കിടയില്‍ കത്തിയമര്‍ന്ന പ്രഭാകരന്റെ മകള്‍...ആ കാഴ്ച കാണാം ...കൂട്ടനിലവിളികള്‍,വിതുമ്പലുകള്‍..ഹോ ഭയാനകം.

തളര്‍ച്ചയോടെ കിടക്കയിലേക്ക് വീണു.സമാധാനമില്ല. ആരേയെങ്കിലും വിളിക്കണം.ഷീലയെ വിളിച്ചാലോ ,
വേണ്ട കാശു ചിലവാക്കുന്നതില്‍ അവള്‍ ആവലാതി പറയും. പിന്നെ..

പൊടുന്നനെ ഫോണ്‍ ശബ്ദിച്ചു.മൂന്നാമത്തെ ബെല്ലില്‍ അയാള്‍ എടുത്തു.കട്ടായി.ഫോണ്‍ വെച്ച് അയാള്‍ വീണ്ടും കിടന്നു.കണ്ണടച്ചു.
ഞെട്ടലോടെ കണ്ണ് തുറന്നു. ഒര‌ുള്‍വിളിപോലെ .പതുക്കെ ഫോണെടുത്തു.സ്തംഭിച്ചു നിന്നു.അടക്കി പിടിച്ച മകളുടെ ശബ്ദം.

"നീ എന്തൊരു പണിയാ ഇന്ന് കാണിച്ചത് .ഇനി നിന്റെ കൂടെ ഐസ് ക്രീം പാര്‍ലറിലെയ്ക്ക് ഇല്ല "
മറുവശത്തുനിന്നും സാന്ത്വനിപ്പിക്കുന്ന വാക്കുകള്‍

"പൊന്നെ സോറി , ഇനി ആവര്‍ത്തിക്കില്ല ..നീയാണേ സത്യം ....."

തല കറങ്ങുന്നതായി സോളമന് തോന്നി . എല്ലാം അവസാനിക്കുന്നുവോ . ഫോണിലെ വര്‍ത്തമാനങ്ങള്‍ വേറെയൊന്നും അയ്യാള്‍ കേട്ടില്ല . തൊണ്ടയില്‍ നൊമ്പരം കുടുങ്ങിക്കിടന്നു . ദാഹം . ജഗ്ഗില്‍ വച്ചിരുന്ന വെള്ളം മുഴുവനും ഒറ്റ ശ്വാസത്തില്‍ അയ്യാള്‍ മൊത്തിക്കുടിച്ചു .
ബോധം വീണ്ടെടുത്തു,അടക്കാനാവാത്ത ദേഷ്യത്തോടെ മകളുടെ മുറിയിലേക്ക് കുതിച്ചു.നടക്കുന്നതിനിടയില്‍ ചിതയില്‍ അമരുന്ന പ്രഭാകരന്‍റെ മകളുടെ രൂപം തെളിയുന്നു...ഒരു നിമിഷം നിന്നു..പ്രഭാകരന്‍റെ വാക്കുകള്‍..."ചെറുതായൊന്ന് വഴക്ക് പറഞ്ഞതാണ്‌ അവളെ ..അതിനു പോയി.."
മകളെ നഷ്ടപ്പെട്ട അച്ഛന്റെ വേദന..തന്റെ മകളെ നഷ്ടപ്പെടുത്താനാവില്ല. ചിന്തിക്കാന്‍ കൂടി വയ്യ.
മകളുടെ മുറിയിലേക്ക് നടന്ന കാലുകള്‍ പിന്‍വലിച്ചു മൃതപ്രായനായി അയാള്‍ തിരികെ നടന്നു....

Friday, March 13, 2009

ഡിറ്റക്ടീവ്

കാത്ത് നില്‍കേണ്ടി വന്നില്ല .ബസ്സ് വന്നു.ആള്‍കാര്‍ ധൃതിയില്‍ കയറുകയാണ് .അതിലേതോ നെറികെട്ടവന്‍ ഷൂസില്‍ ചവിട്ടുകയും ചെയ്തു.ഭാഗ്യത്തിന് സീറ്റ് കിട്ടി.ഒരാള്‍ മാത്രം നില്കുന്നത് അരവിന്ദ് കണ്ടു.

ഒരു സഞ്ചിയും തൂക്കിപ്പിടിച്ചാണ് അയാളുടെ നില്പ് .അഞ്ചടി അഞ്ചിഞ്ചു ഉയരം .ഇരുനിറം .കട്ടിമീശ. ആ മുഖത്ത് തീരെ യോജിക്കാത്ത കണ്ണട .ഇരുപത്തേഴു മുപ്പതു വയസ്സ് .
അധ്യാപകനായിരിക്കണം .മുഖത്തെ ശാന്തതയും പക്വതയും അതാണ്‌ സൂചിപ്പിക്കുന്നത് .മലക്കറി വാങ്ങാനും മറ്റും മാര്‍ക്കറ്റില്‍ പോവുന്നതാവാം .തന്റെ ഡിറ്റക്ടീവ് നിഗമനത്തില്‍ അരവിന്ദ് സന്തുഷ്ടനായി .

ബസ്സ് നിന്നു .അയാളുടെ അടുത്തിരുന്നയാള്‍ എഴുന്നേറ്റു. എന്നാല്‍ ആ സ്റ്റോപ്പില്‍ നിന്നു കയറിയ ഒരു വൃദ്ധന് അയാള്‍ വഴിമാറികൊടുത്തു .അയാള്‍ വീണ്ടും നില്‍പ്പ് തുടരുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി .ബഹുമാനവും.

ബെല്ലടിച്ചു .ബസ്സ് നിന്നു .തന്റെ സ്റ്റോപ്പ് ആയി .അരവിന്ദ് ഇറങ്ങി .റോഡു മുറിച്ചു കടന്നു സ്റ്റേഷനിലേക്ക് കയറി. കോണ്‍സ്റ്റബിള്‍ രാജു ,നീട്ടി ഒരു സല്യൂട്ട് ,പിന്നെ കുശലത്തോടെ ചോദ്യം :എന്താ സര്‍ ബസ്സില്‍ ...
ഒന്നു പുഞ്ചിരിച്ചു .അരവിന്ദ് അകത്തു പോയി വേഷം മാറി .എസ് ഐ കുപ്പായമണിഞ്ഞു മുറിയിലേക്ക് കയറി .

ഫയലുകള്‍ പരതി.ഇന്നലെ പൂര്‍ത്തിയാകാതെ വെച്ച ഫയല്‍ വെറുതെ മറിച്ചു.
പെട്ടന്നൊരു കാല്‍പെരുമാറ്റം .അരവിന്ദ് അഗതനെ കണ്ടു .ബസ്സില്‍ വെച്ചു കണ്ടയാള്‍ .
മറുപടിക്ക് കാത്ത് നില്‍ക്കാതെ സഞ്ചിയില്‍ നിന്നു കടലാസ്സില്‍ പൊതിഞ്ഞ വെട്ടുകത്തി എടുത്തിട്ട് അയാള്‍പറഞ്ഞു .
"എന്റെ ഭാര്യയെ ഇന്നു രാവിലെ ഞാന്‍ വെട്ടിക്കൊന്നു .....എന്നെ അറസ്റ്റ് ചെയ്യു സര്‍ ."

(മലയാള മനോരമ രണ്ടായിരത്തി അഞ്ചു ഏപ്രില്‍ .)

Wednesday, March 11, 2009

സാറ് കൊള്ളാം രസകരമായിരുന്നു..


l"ഒരു മിനിറ്റില്‍ അറുപതു യുഗങ്ങളുണ്ട്‌ ഒരു മണിക്കൂറില്‍ മൂവായിരത്തി അറുന്നൂറു യുഗങ്ങളും "
എം.മുകുന്ദന്റെ കഥയുടെ വരികള്‍ വെറുതെ ഓര്ത്തു പോയി.അവള്‍ അസ്വസ്ഥയായി.പരിക്ഷപാടായിരുന്നു.ചോദ്യങ്ങള്‍ കണ്ടപ്പോള്‍ തലകറങ്ങി.സമയം നീങ്ങുന്നില്ല.പക്ഷേ സാറ് കൊള്ളാംരസകരമായിരുന്നു.സംസാരിച്ച്‌ വന്നപ്പോള്‍ അച്ഛനെയും പരിചയമുണ്ട്.ഫോണ്‍ നമ്പറും വാങ്ങി.എന്ത്പെട്ടന്നാണപ്പോള്‍ സമയം പോയത്.പരിക്ഷാഹാളില്‍ നിന്നിറങ്ങിയപ്പോള്‍ വിഷമം തോന്നി.

പുറത്തിറങ്ങിയപ്പോള്‍ അവളെയും കാത്തു അവന്‍ നില്പുണ്ടായിരുന്നു.അവന് എളുപ്പം ആയിരിക്കണം മുഖംകണ്ടാലറിയാം.
"എങ്ങനെ ഉണ്ടായിരുന്നു ?"അവന്റെ ചോദ്യം .
"നിനക്കെങ്ങനെ "അവളും വിട്ടില്ല.
" കുഴപ്പമില്ല."അല്ലങ്കിലും അവന്‍ അങ്ങനെയാ പറയാറ്.പക്ഷേ,മാര്‍ക്കു വരുമ്പം.
അവള്‍ അവനെ നോക്കി.അവന്‍ വാ തോരാതെ സംസാരികുകയാണ് .ബോറന്‍.അവന്‍ തന്നെ ഒന്നു നോക്കുന്നു കൂടിയില്ല.അതോ താന്‍ കാണാന്‍ കൊള്ളാത്തവളാണോ.

പക്ഷേ സാറ് കൊള്ളാം രസകരമായിരുന്നു.ഒരു നിമിഷം.അവള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.സാറ് വരുന്നു .
ചടാപടാന്നു എഴുന്നേറ്റു.സാറ് ചിരിച്ചു.ഹോ എന്തൊരു ആശ്വാസം. അവന്‍ ഇരിക്കയാണ്. വിഡ്ഢി.ഒന്നുഎഴുന്നേറ്റാല്‍ എന്താവും.ആരാണന്ന് പോലും ചോദിക്കാനുള്ള മര്യാദയില്ലാത്തവന്‍.

"ക്ലാസില്‍ ഇദ്ദേഹമായിരുന്നു."അവള്‍ പറഞ്ഞു.
"കോഴിയാണോ"അവന്‍ ചിരികുകയാണ്.അവള്‍ക്ക് നല്ല കലി വന്നു."നല്ല സാറാ. എന്നോട് ഒത്തിരിസംസാരിച്ചു".
അവന്റെ മുഖം കറുത്തു.അവള്‍ക്ക് രസം പിടിച്ചു.വര്‍ണ്ണന തുടങ്ങി.

അവന്‍ എഴുന്നേറ്റു ഒറ്റ നടത്തം. അവള്‍ വിളിച്ചില്ല.അവന്‍ തിരിഞ്ഞു നോക്കാതെ നടന്നു.അല്ലെങ്കിലും ആണുങ്ങള്‍ ഇങ്ങനെയാ..കോമ്പ്ലെക്സ് പിടിച്ച ജന്തുക്കള്‍.സാറിന് അച്ഛന്റെ പ്രായമെങ്കിലും കാണും .ഇവനൊക്കെ എന്തിന്റെ സൂക്കേടാ..

നേരം വൈകി.അവള്‍ വീടിലെകോടി.കൂടെ കൂടെ തിരിഞ്ഞു നോക്കി.സാറിനെ ഒന്നു കണ്ടിരുന്നെങ്കില്‍.വെറുതെ ഒരു തോന്നല്‍.

എപ്പോഴും പോവുന്ന ബസ് സമയത്തിനല്പം മുന്പേ പോയെന്നറിഞ്ഞപ്പോള്‍ വെപ്രാളമായി.സമയം ആറുമണി.
ബാഗ് തുറന്നു.പത്തു രൂപ.ഒരു ഓട്ടോ പിടിക്കാം. ഇനിയും ടാറിടാത്ത റോഡിലുടെ ഓട്ടോ ചാടികുതിച്ചു.

അവള്‍ സാറുമായി സംസാരിച്ച ഓരോ നിമിഷവും ആലോചിച്ചു ആനന്ദം കൊണ്ടു.ഓട്ടോ ബ്രേക്ക് ഇട്ടപ്പോഴാണ് അവള്‍ക്ക് ബോധമുണ്ടായത്.ഞെട്ടിപ്പോയി. മീറ്ററില്‍ എത്രയായന്നു നോക്കുകയോ ചോദികുകയോ ചെയാതെ കൈയ്യില്‍ ഉണ്ടായിരുന്ന രൂപ കൊടുത്തിട്ട് അവള്‍ വീടിലെക്കോടി.

വീട്ടില്‍ എത്തിയപ്പോള്‍ ഫോണ്‍ ബെല്ലെടിക്കുന്നു.അവനായിരിക്കും .നേരത്തെ പിണങ്ങിയതിനു മാപ്പുചോദിക്കാന്‍.കുറച്ചു അടിക്കട്ടെ. അന്തസായി നടന്നു പോയതല്ലേ.

വീട്ടിലാരുമില്ല .ചെടി ചട്ടി പൊക്കി നോക്കി. തക്കോലുണ്ട് വെളിയിലേക്ക് പോയാല്‍ അങ്ങനെയാചെയ്യാറ്.കതകു തുറന്നു.ഫോണ്‍ ബെല്ലെടികുന്നു.

ഫോണെടുത്ത്."സുന്ദരികുട്ടി".അവള്‍ അമ്പരന്നു ."ആരാ "
"സുന്ദരി കുട്ടി എന്നെ മറന്നോ ,ഞാന്‍ സാറാ"
"സാറ്"അവളുടെ ശബ്ദം പതറി.
"സുന്ദരികുട്ടി പറ,ഇനി എപ്പോഴാ നമ്മള്‍ തമ്മില്‍ കാണുക"
"എന്താണ് സര്‍"അവള്‍ വിയര്‍ത്തു.
"സുന്ദരി കുട്ടിയെ കണ്ടോണ്ടിരിക്കനല്ലേ ഞാന്‍ അത്രയും നേരം നിര്ത്തി സംസാരിച്ചത് .."

അവളുടെ മനസ്സിലെ സാര്‍ രൂപം തകര്‍ന്നടിഞ്ഞു.പിന്നെ വൈകിച്ചില്ല ,"വാ" യും ""യും ചേര്‍ത്തുള്ള സകലചീത്തകളും വിളിച്ചു. തളര്‍ന്നപ്പോള്‍ ഫോണ്‍ വെച്ചു.

ഫോണ്‍ വെച്ചയുടന്‍ വീണ്ടും ബെല്ലെടിച്ചു.അവള്‍ക്ക് കലി കയറി.ഫോണ്‍ എടുത്തു ഞാന്‍ അലറി.
"തനിക്കെന്താ ഞരമ്പ്‌ രോഗമാണോ?"
" "മറുവശം പൊട്ടിച്ചിരി.
"സാറ് വിളിച്ചുവല്ലേ ...എങ്ങനെയുണ്ടായിരുന്നു...രസകരം ആയിരുന്നോ "
അവന്‍ ചിരി നിര്‍ത്താന്‍ പാടുപെടുകയായിരുന്നു.

(മാധ്യമം ദിനപത്രം 2004 february )